പ്ലാവിലക്കഞ്ഞി


 

 

പാഠം - 1 : പ്ലാവിലക്കഞ്ഞി

( രണ്ടിടങ്ങഴി - തകഴി ശിവശങ്കര പിള്ള)

 

രണ്ടിടങ്ങഴി

കുട്ടനാടിന്റെ കഥാകാരനെന്നാണ് തകഴിയെ വിശേഷിപ്പിക്കുന്നത്. കുട്ടനാടൻ കർഷകരുടെ ജീവിതപ്രശ്നങ്ങളാണ് തകഴി തന്റെ കൃതികളിൽ ആവിഷ്കരിക്കുന്നത്. കുട്ടനാടിന്റെ ഹൃദയഭൂമിയായ തകഴിയാണ് രണ്ടിടങ്ങഴിയുടെ പശ്ചാത്തലം. കോരൻ, ചാത്തൻ, ചിരുത തുടങ്ങിയവരാണ് നോവലിലെ കേന്ദ്രകഥാപാത്രങ്ങൾ.

കാളിപ്പറയന്റെ മകൾ ചിരുതയെ കല്ല്യാണം കഴിക്കാൻ കോരനും ചാത്തനും മത്സരിക്കുന്നിടത്ത് വെച്ചാണ് നോവലിന്റെ തുടക്കം. സുന്ദരിയായ ചിരുതയെ കാളിപ്പറയൻ വലിയ ഒരു തുക പെൺപണമായി നൽകുന്നയാൾക്ക് കല്ല്യാണം കഴിച്ചുകൊടുക്കാൻ തീരുമാനിക്കുന്നു. ചാത്തന് തുക കൊടുക്കാനായില്ല. ഒടുവിൽ നാട്ടിലൊന്നുമില്ലാത്ത പെൺപണം നൽകി അവളെ കെട്ടാൻ മോഹിച്ച കോരൻ പണവും നെല്ലും സംഘടിപ്പിക്കാൻ വലിയ ജന്മിമാരായ പുഷ്പവേലിക്കാരുടെ ഓണപ്പണി ഏൽക്കാൻ തീരുമാനിക്കുന്നു. അങ്ങനെ പണം മുൻകൂറായി വാങ്ങി ചിരുതയെ വിവാഹം കഴിക്കുന്നു.

എന്നാൽ കോരന്റെ അച്ഛൻ വെളുത്ത തങ്ങളുടെ പഴയ വലിയ തമ്പുരാനോട് അനുവാദം വാങ്ങാൻ പറയുന്നുണ്ട്. കാരണം തങ്ങളുടെ അറക്കൽ വീട്ടിലെ തമ്പുരാനാണ് അവന്റെ തടി. കോരന്റെ തള്ളയെ വെളുത്ത കെട്ടിക്കൊണ്ടുവന്നത് തമ്പുരാനുള്ള കാലത്തായിരുന്നു. അടിയന്തിരത്തിന്റെ എല്ലാ ചെലവും വഹിച്ചത് തമ്പുരാനായിരുന്നു. പഴയ ജന്മിമാരുടെ നന്മയെക്കുറിച്ചും ഹൃദയവിശാലതയെക്കുറിച്ചും വെളുത്ത ഓർക്കുന്നു. പഴയ തമ്പുരാക്കന്മാർ കീഴാളപെണ്ണുങ്ങൾക്ക് അന്തസ്സും അഭിമാനവും കല്പിച്ചു കൊടുത്തിരുന്നു. പണ്ടത്ത തമ്പുരാക്കന്മാർ ഒരു ചീത്ത നോട്ടം കൊണ്ടുപോലും പുലയപ്പെണ്ണുങ്ങളെയും പറയപ്പെണ്ണുങ്ങളെയും കളങ്കപ്പെടുത്തിയിരുന്നില്ല. എന്നാൽ പുഷ്പവേലിൽ ഔസേപ്പിന്റെ മകൻ ചാക്കോ ചിരുതയുടെ പിന്നാലെ നടക്കുന്നത് നോവലിന് മറ്റൊരു മാനം നല്കുന്നു.

ഔസേപ്പിന്റെ പാടത്ത് കഠിനാധ്വാനം ചെയ്യുന്ന കോരൻ മികച്ച വിളവെടുപ്പു തന്നെ നടത്തുന്നു. എന്നാൽ കൂലി നല്കുന്നതിലെ ചൂഷണം അയാളെ ഇരുത്തി ചിന്തിപ്പിക്കുന്നു. ചൂഷണത്തിനെതിരെ മനസ്സ് തെളിഞ്ഞ് ശക്തമാവുന്നു. കോരന്റെ അച്ഛൻ മരിച്ചപ്പോൾ അവർ താമസിച്ചിരുന്ന സ്ഥലത്ത് ശവം മറവു ചെയ്യാൻ പോലും അനുവദിക്കപ്പെട്ടില്ല. മുഴുവൻ സമയവും സംഘടനാപ്രവർത്തകനായി മാറുകയായിരുന്നു കോരൻ. കോരൻ സ്ഥലത്തില്ലാത്ത ഒരു രാത്രിയിൽ യജമാനനായ ചാക്കോ ചിരുതയുടെ കുടിലിലെത്തുകയും അവളെ ശല്ല്യപ്പെടുത്തുകയും ചെയ്യുന്നു. ഇതിനിടെ പെട്ടെന്ന് അങ്ങോട്ട് കയറി വന്ന കോരനുമായുള്ള മൽപിടുത്തത്തിനിടയിൽ ചാക്കോ മരിക്കുകയാണ്. താൻ പോലീസ് പിടിയിലാവുമെന്ന് ഉറപ്പിക്കുന്ന കോരൻ ചിരുതയുടെയും അവൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെയും സംരക്ഷണം ചാത്തനെ ഏല്പിക്കുകയാണ്. ചിരുതയ്ക്ക് ഒരു കുഞ്ഞ് പിറന്നു. ചാത്തൻ ചിരുതയേയും കുത്തിനെയും വളർത്തി. ഒടുവിൽ ജയിൽ മോചിതനായ കോരന് ചിരുതയേയും കുഞ്ഞിനേയും കൈമാറുന്നു. കോരന്റെ സംഘടനാപ്രവർത്തനങ്ങൾ ഫലം കണ്ടു തുടങ്ങിയിരുന്നു. "വിപ്ലവം ജയിക്കട്ടെ, യൂണിയൻ ജയിക്കട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങൾ സൂചനയാണ് നല്കുന്നത്. കോരന്റെ മകൻ വെളുത്തയും കൈ ചുരുട്ടി ഉയർത്തി വിളിച്ചു: "കൃഷിഭൂമി കർഷകർക്ക് ! "

 

രണ്ടു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

 

ചോദ്യം 1.

തമ്പാ, ഏനു നെല്ല് കൂലി മതി. ചക്രം മേണ്ട" - ആരുടെ വാക്കുകളാണിത്? ഇങ്ങനെ പറയാനിടയായ സാഹചര്യം എന്താവാം? (2 മാർക്ക്)

 

ഉത്തരം :

കോരന്റെ വാക്കുകളാണിത്. കോരന് അത്താഴത്തിന്റെ നെല്ല് തന്നെ കിട്ടണം. പണമായി കൂലി കിട്ടിയാൽ അത്താഴത്തിന് കഞ്ഞികുടിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കോരൻ ഇങ്ങനെ പറഞ്ഞത്.

 

ചോദ്യം 2.

"അപരാധബോധം കോരന്റെ ഹ്യദയത്തെ നോവിച്ചു" -അപരാധമെന്ത്?

 

ഉത്തരം :

വൃദ്ധനായ പിതാവിനെ തകഴിയിൽ തനിച്ചാക്കി താൻ ചിരുതയുമായി മറുനാട്ടിലേക്ക് പോയതിലുള്ള കുറ്റബോധമാണ് കോരനെ വേദനിപ്പിച്ചത്.

 

ചോദ്യം 3.

"ഏനുമേണ്ട" "എന്നാല് ഏനും കുടിക്കത്തില്ല." - സംഭാഷണത്തെ ഭാഗങ്ങളിൽ തെളിയുന്ന ഭാവം എന്ത്?

 

ഉത്തരം :

കോരനും ചിരുതയും തമ്മിലുള്ള ആത്മ പരസ്പരസ്നേഹവും കരുതലും നോവൽ സന്ദർഭത്തിൽ നിന്നും വായിച്ചെടുക്കാം

 

ചോദ്യം 4.

"തമ്പ്രാ , എന് നെല്ല് കൂലി മതി. ചക്രം മേണ്ട "

"രാതിയിൽ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്ത്?

"നെല്ലുകൂലി കിട്ടിയില്ലെങ്കിൽ ജോലിക്ക് പോകാതിരുന്നാലെന്ത്? കോരൻ ചിന്തിച്ചു."

കഥാസന്ദർഭങ്ങൾ വായിച്ചല്ലോ. എല്ലാ മുറിയെ പണിയെടുത്തിട്ടും വിശപ്പടക്കാൻ കഴിയാതെ പോകുന്നവരുടെ കഷ്ടപ്പാടിന്റെ കൂടുതൽ സുചനകൾ പാഠഭാഗത്തുനിന്നു കണ്ടെത്തുക.

 

ഉത്തരം :

"അല്ലച്ഛാ നെല്ലു വെളീ കാണിക്കത്തില്ല."

"ഇന്നലെ ആറണ കൊടുത്ത് നാഴി അരി മേടിച്ചു. ഇന്നിപ്പം ഇരുനാഴിയൊണ്ട്."

 

നാലു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 5.

1. "ഏനു മേണ്ട."

"എന്നാല് ഏനും കുടിക്കത്തില്ല." "ഏന് മയറ്റില് ഒരു കമ്പിതമെടീ"

 ചിരുതയ്ക്കും വാശിയുണ്ട്. അവസാനം അവളുടെ പ്രേരണയ്ക്ക് കോരൻ വശപ്പെട്ടു പോയി..

 

2. വൃദ്ധൻ പറഞ്ഞു:

"മുഴക്കരിയിട്ട് തെളപ്പിച്ചു." "ഏനാ അത് കുടിച്ചത്. അവള് കുടിച്ചില്ല.

ഏനു കോരിക്കോരിത്തന്നു."

ചിരുത കൃതകൃത്യയായി: "അച്ചൻ ചുമ്മാ പറയുവാ, ഏനും കുടിച്ചു."

ജീവിതത്തിലെ ഇല്ലായ്മകളെ സ്നേഹം കൊണ്ട് അതിജീവിക്കുകയാണ് ഇവർ ചെയ്യുന്നത്. സമർത്ഥിക്കുക.

 

ഉത്തരം :

പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കര പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ അല്പഭാഗമാണ് പ്ലാവിലക്കഞ്ഞി എന്ന പാഠം. ചൂഷണത്തിന് വിധേയരായിരുന്ന കുട്ടനാടൻ കർഷകർ അവകാശങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽക്കുന്ന കഥയാണ് രണ്ടിടങ്ങഴി എന്ന നോവലിലൂടെ തകഴി പറയുന്നത്.

ജീവിതത്തിലെ ഇല്ലായ്മകളെ സ്നേഹം കൊണ്ട് അതിജീവിക്കുന്ന മുഹൂർത്തങ്ങളാണ് പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്ത് നാം കാണുന്നത്. കോരനും ചിരുതയും വിശപ്പനുഭവിക്കുന്ന വരാണ്. എന്നാൽ രണ്ടു പേരുടെയും വിശപ്പടക്കാൻ മാത്രമൊന്നും അവിടെ ഇല്ല താനും. സ്വന്തം വിശപ്പ് മറച്ചുവെച്ച് പ്രിയതമനെ ഊട്ടാനുള്ള പ്രിയയുടെ ശ്രമവും തിരിച്ചുള്ള ശ്രമവും നമുക്ക് ഇവിടെ വായിച്ചെടുക്കാം. അപ്പനും മരുമകളും തമ്മിലുള്ള സ്നേഹവും കരുതലുമാണ് രണ്ടാമത്തെ സന്ദർഭത്തിൽ കാണുന്നത്. ഒരു നേരത്തെ ആഹാരത്തിനായി പൊരുതുമ്പോഴും വിശന്നു വലയുമ്പോഴും അവർ പരസ്പരം കാണിക്കുന്ന സ്നേഹവും കരുതലും സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ആഴവും വ്യാപ്തിയും വെളിപ്പെടുത്തുന്നു.

 

ചോദ്യം 6.

"അതൊരു അക്ഷന്തവ്യമായ അപരാധമാണ്. ഒരു തരത്തിലും തെറ്റ് ന്യായീകരിക്കാവുന്നതല്ല." -കോരന്റെ ധാർമ്മികബോധം വർത്തമാന സമൂഹത്തിൽ എത്രത്തോളം നില നിൽക്കുന്നുണ്ട്? സ്വാഭിപ്രായം സമർഥിക്കുക

 

ഉത്തരം:

പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കര പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ അല്പഭാഗമാണ് പ്ലാവിലക്കഞ്ഞി എന്ന പാഠം. ചൂഷണത്തിന് വിധേയരായിരുന്ന കുട്ടനാടൻ കർഷകർ അവകാശങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽക്കുന്ന കഥയാണ് രണ്ടിടങ്ങഴി എന്ന നോവലിലൂടെ തകഴി പറയുന്നത്.

വിവാഹം കഴിഞ്ഞുണ്ടായ ബഹളത്തിൽ കോരൻ അച്ഛനുമായി പിണങ്ങി ഭാര്യയേയും കൊണ്ട് നാടുവിട്ട് പുതിയ താമസം തുടങ്ങി. പിന്നെ അച്ഛനെ തിരിഞ്ഞുനോക്കിയില്ല. വർഷങ്ങൾ കഴിഞ്ഞ്, ഒരു ദിവസം പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കോരൻ കണ്ടത് മണ്ണെണ്ണ വെളിച്ചത്തിൽ ഭാര്യയുമായി സംസാരിച്ചിരിക്കുന്ന അച്ഛനെയാണ്. കണ്ടാൽ തിരിച്ചറിയാത്ത രൂപമായി അച്ഛൻ മാറിയിരുന്നു. ശരീരമാകെ നീരുവന്ന് വിളറിയിരുന്നു. മകനെ കണ്ടപാടെ എഴുന്നേൽക്കാൻ ശ്രമിച്ച അച്ഛന് നേരെ നിൽക്കാൻപോലും കഴിയുന്നില്ല. തളർന്ന് വിവശനായ അച്ഛനെ കണ്ട് കോരന്റെ കണ്ണുകൾ ഈറനണിഞ്ഞു. എങ്ങനെയിരുന്ന ആളായിരുന്നു തന്റെ അച്ഛൻ. ഒരാനയുടെ കരുത്തുണ്ടായിരുന്നു. അങ്ങനെയായിരുന്ന അച്ഛന് ഇന്ന് എഴുന്നേൽക്കാൻ കൂടി വയ്യല്ലോ എന്ന ചിന്ത കോരനെ കുറ്റബോധത്തിന്റെ പാരമ്യത്തിലെത്തിച്ചു. അച്ഛനെ ഉപേക്ഷിച്ച് പോന്നത് അക്ഷന്തവ്യമായ അപരാധമായി അയാൾക്ക് തോന്നി. അച്ഛന്റെ ഇപ്പോഴത്തെ സ്ഥിതിക്ക് താനാണ് കാരണമെന്ന കുറ്റബോധമാണ് കോരനെ ഇങ്ങനെ ചിന്തിപ്പിച്ചത്. പ്രായമായ അച്ഛനെ നോക്കാതെ ധാർമ്മികമായ ചുമതലയിൽ നിന്ന് മാറി നിന്ന് കോരൻ നടത്തുന്ന ആത്മ വിമർശനമാണ് ഇത്. പുതിയ തലമുറയെ ഏറെ ചിന്തിപ്പിക്കുന്നതും അവർക്ക് ഒരു ദിശാബോധം ഉണ്ടാക്കിക്കൊടുക്കുന്നതു മാണ് കോരന്റെ മനം മാറ്റം.

 

ചോദ്യം - 7

ഭാഷാഭേദങ്ങൾ സാഹിത്യരചനകളെ കൂടുതൽ ആസ്വാദ്യമാക്കുന്നു. ചെമ്മീൻ, രണ്ടിടങ്ങഴി എന്നീ നോവൽ ഭാഗങ്ങൾ പരിശോധിച്ച് പ്രസ്താവനയെ വില യിരുത്തി കുറിപ്പ് തയ്യാറാക്കുക.

 

ഉത്തരം :

ഭാഷാഭേദങ്ങൾ സാഹിത്യരചനകളെ കൂടുതൽ ആസ്വാദ്യമാക്കുന്നു. നോവലിന്റെ പശ്ചാത്തലം, കഥാപാത്രങ്ങൾ, ജീവിതസാഹചര്യങ്ങൾ, കാലഘട്ടം തുടങ്ങിയ സ്വാഭാവികമായ രീതിയിൽ ആവിഷ്കരിക്കുന്നതിന് ഇത്തരം ഭാഷാഭേദങ്ങൾ സഹായിക്കും, കടപ്പുറം പശ്ചാത്തലമായ ചെമ്മീനി ലെ കഥാപരിസരം തീർച്ചയായും അതിനി  ണങ്ങുന്നതായിരിക്കണം. അതുകൊണ്ടു തന്നെ കറുത്തമ്മയുടെയും ചക്കിയുടെയും സംഭാഷണം സ്വാഭാവികതയുടെ സൗന്ദര്യം നിലനിർത്തുന്നതായിരിക്കും. രണ്ടിടങ്ങഴിയിൽ കുട്ടനാടൻ കർഷകരുടെ ജീവിതമാണ്. കർഷകതൊഴിലാളികളുടെ ഭാഷ തന്നെയാവണം അവിടെ സ്വീകരിക്കേണ്ടത്. ഓരോ ദേശത്തിന്റെയും ജീവിതങ്ങൾ സാഹിത്യകൃതികളിൽ ആവിഷ്കരിക്കപ്പെടുമ്പോൾ ദേശത്തിന്റെ ഭാഷയും കടന്നുവരുന്നത് സ്വാഭാവികമാണ്.

 

ചോദ്യം  8.

"സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം" (കുമാരനാശാൻ)

"സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും" (അക്കിത്തം) "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും" (വയലാർ രാമവർമ്മ)

മുകളിൽ കൊടുത്തിരിക്കുന്ന വരികൾ വിശകലനം ചെയ്ത് പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്തെ വിശകലനം ചെയ്ത് പ്ലാവിലക്കഞ്ഞി എന്ന പാഠഭാഗത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക.

 

ഉത്തരം :

പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കര പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ അല്പഭാഗമാണ് പ്ലാവിലക്കഞ്ഞി എന്ന പാഠം.

ചൂഷണത്തിന് വിധേയരായിരുന്ന കുട്ടനാടൻ കർഷകർ അവകാശങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽക്കുന്ന കഥയാണ് രണ്ടിടങ്ങഴി എന്ന നോവലിലൂടെ തകഴി പറയുന്നത്.

പ്ലാവിലക്കഞ്ഞി എന്ന പാഠംത്തിലെ പ്രധാന കഥാപാത്രങ്ങളാണ് കോരനും ചിരുതയും. രണ്ടുപേരും വിശപ്പ് മറച്ചുവച്ച് പരസ്പരം ഊട്ടാൻ ശ്രമിക്കുന്ന സന്ദർഭങ്ങൾ നോവലിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. രണ്ടാം സന്ദർഭത്തിൽ നാം കാണുന്ന അപ്പനും മരുമകളും തമ്മിലുള്ള സ്നേഹം നോവലിന്റെ ഉദ്ദേശശുദ്ധിയെ അതിന്റെ പൂർണ്ണ അർത്ഥ തലങ്ങളിലേയ്ക്ക് എത്തിക്കാൻ സഹായിച്ചിരിക്കുന്നു എന്നുപറയാം. ഒരു നേരത്തെ ആഹാരത്തിനാ യി പൊരുതുമ്പോഴും വിശന്നു വലയുമ്പോഴും അവർ പരസ്പരം കാണിക്കുന്ന സ്നേഹവും കരുതലും സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ആഴവും   വ്യാപ്തിയും വെളിപ്പെടുത്തുന്നു. വീടുവിട്ടിറങ്ങി ജീവിതം ആരംഭിച്ച കോരനെ അന്വേഷിച്ച് പിതാവ് എത്തുമ്പോൾ മഹത്തായ പിതൃ-പുത്ര സ്നേഹത്തിന്റെ സുവർണ്ണ നിമിഷങ്ങൾ കാണാൻ സാധിക്കുന്നു. സ്നേഹനിധിയായ അച്ഛനും മകനും തമ്മിലുള്ള കണ്ടുമുട്ടലിനെയാണ് പ്ലാവിലക്കഞ്ഞി ഊഷമളമായി അവതരിപ്പിക്കുന്നത്.

 

ചോദ്യം  9,

"അവൻ അന്നുച്ചയ്ക്ക് പുഷ്പവേലിൽ നിന്ന് കഞ്ഞി കുടിച്ചു. ചിരുത അന്ന് അരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചിട്ടില്ല."

"അരിയിട്ടു തിളപ്പിച്ച കഞ്ഞി കുടിക്കണം. അവസാനത്തെ ആഗ്രഹം." (പ്ലാവിലക്കഞ്ഞി) അക്കാലത്തെ കർഷകത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സൂചനകൾ നോവൽ സന്ദർഭത്തിൽ നിന്ന് കണ്ടെത്താനാവും? വിശകലനം ചെയ്ത് കുറിപ്പ് തയാറാക്കുക

 

ഉത്തരം

പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കര പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ അല്പഭാഗമാണ് പ്ലാവിലക്കഞ്ഞി എന്ന പാഠം. ചൂഷണത്തിന് വിധേയരായിരുന്ന കുട്ടനാടൻ കർഷകർ അവകാശങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽക്കുന്ന കഥയാണ് രണ്ടിടങ്ങഴി എന്ന നോവലിലൂടെ തകഴി പറയുന്നത്.ചെറിയ കൂലിക്ക്അടിമപ്പണി ചെയ്യുന്ന തൊഴിലാളികൾ അരവയർ നിറയ്ക്കാൻ കഷ്ടപ്പെടുന്ന ഒരു കാലമായിരുന്നു അത്. കാലത്തിന്റെ ഉദാഹരണമാണ് കോരൻ എന്ന കഥാപാത്രം.

"ഏനു മേണ്ട" "എന്നാല് ഏനും കുടിക്കത്തില്ല." "ഏന് മയറ്റില് ഒരു കമ്പിതമെടി" നിസ്സാരമായ കൂലികൊണ്ട് കുറച്ചു അരിയും കപ്പയുമായി വീട്ടിലെത്തുന്ന കോരനും ചിരുതയും തമ്മിലുള്ള സ്നേഹബന്ധമാണ് വരികളിലൂടെ നാം കാണുന്നത്.

ദാരിദ്ര്യം നിറഞ്ഞ കർഷകകുടുംബത്തിലേക്ക് കോരന്റെ അച്ഛൻ വരുമ്പോൾ സ്വന്തം വിശപ്പ് മറച്ചുവെച്ചുകൊണ്ട് ഭർത്തൃ പിതാവിന് ഭക്ഷണം നൽകുന്ന ചിരുത കഷ്ടത നിറഞ്ഞ അന്നത്തെ കർഷക കുടുംബത്തിന്റെ ഒരു ഇരയാകുന്നു. "അരിയിട്ടു തിളപ്പിച്ച കഞ്ഞി കുടിക്കണം' എന്നത് കോരന്റെ അച്ഛന്റെ അവസാനത്ത ആഗ്രഹമായിരുന്നു. വരികളിലൂടെ അന്നത്തെ കർഷകരുടെ ദുരിതപൂർണ്ണമായ ജീവിത ത്തിന്റെ ചിത്രം വ്യക്തമാണ്. എല്ലുമുറിയെ ജോലി ചെയ്തിട്ടും ഒരു നേരം വയറു നിറയ്ക്കാൻ പോലും ഭക്ഷണം ലഭിക്കാത്ത ഒരവസ്ഥയായിരുന്നു അന്നത്തെ കർഷകരുടേത് എന്ന് നമുക്ക് മനസ്സിലാക്കാം.

 

ചോദ്യം  10.

"ഒരു ചട്ടിയുടെ ഇരുവശവുമായി ഭാര്യയും ഭർത്താവും ഇരുന്നു. അടുപ്പിലെ എരിതീയുടെ വെളിച്ചത്തിൽ അവർ കഞ്ഞി കുടിച്ചു തുടങ്ങി."  (പ്ലാവിലക്കഞ്ഞി)

കഥാപാത്രങ്ങൾ തമ്മിലുള്ള ഊഷ്മളമായ ഹൃദയബന്ധം ആവിഷ്കരിക്കുന്നതിൽ നോവലിസ്റ്റ് പുലർത്തുന്ന സൂക്ഷ്മത മറ്റു സന്ദർഭങ്ങൾ കൂടി പരിഗണിച്ച് വിലയിരുത്തുക.

 

ഉത്തരം :

പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കര പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ അല്പഭാഗമാണ് പ്ലാവിലക്കഞ്ഞി എന്ന പാഠം. ചൂഷണത്തിന് വിധേയരായിരുന്ന കുട്ടനാടൻ കർഷകർ അവകാശങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽക്കുന്ന കഥയാണ് രണ്ടിടങ്ങഴി എന്ന നോവലിലൂടെ തകഴി പറയുന്നത്.

കഥാപാത്രങ്ങൾ തമ്മിലുള്ള ഊഷ്മളമായ ഹൃദയബന്ധം ആവിഷ്കരിക്കുന്നതിൽ നോവലിസ്റ്റ് പുലർത്തിയ സൂക്ഷ്മത "പ്ലാവിലക്കഞ്ഞി' എന്ന നോവലിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. ഇതിനുള്ള ഉദാഹരണങ്ങൾ പ്ലാവിലക്കഞ്ഞി എന്ന പാഠത്തിലുടനീളം പ്രകടമാണ്. പുഷ്പവേലിൽ ഔസേപ്പിന്റെ ഒരേക്കർ നിലം നികത്തി പുരയിടമാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് കോരൻ. ജോലിക്ക് കൂലിയായി വെറും മുക്കാൽ രൂപയാണ് ഔസേപ്പ് കൊടുക്കുന്നത്. എന്നാൽ കൂലിയായി നെല്ലു മതി എന്നഭിപ്രായമാണ് കോരന്. എന്തുകൊണ്ടെന്നാൽ ഒരു മണി അരിപോലും അവന്റെ കുടിലില്ല. ഔസേപ്പ് അത് കൊടുക്കാത്തതിനെത്തുടർന്ന് കിട്ടിയ മുക്കാൽ രൂപയ്ക്ക് കോരൻ അരിയും കപ്പയും വാങ്ങി കുടിലിലെത്തുന്നു. കോരന്റെ ഭാര്യ അത് പാചകം ചെയ്ത്, കോരനെ വിളിച്ചുണർത്തിയപ്പോൾ തനിക്ക് കഞ്ഞി വേണ്ട എന്നും വയറ്റിൽ നല്ല സുഖമില്ലാ എന്നും പറഞ്ഞു കോരൻ കഞ്ഞി കുടിക്കാൻ വിസമ്മതിച്ചു.

യഥാർത്ഥത്തിൽ കോരന് ചിരുതയോടുള്ള സ്നേഹക്കൂടുതലാണ് നോവലിസ്റ്റ് സന്ദർഭത്തിലൂടെ വ്യക്തമാക്കുന്നത്. കാരണം ചിരുത അന്നത്തെ ദിവസം ഒന്നും കഴിച്ചിട്ടില്ല. കോരനാണെങ്കിൽ അന്ന് പുഷ്പവേലിൽ നിന്ന് കഞ്ഞി കുടിച്ചതാണ്. അതുകൊണ്ട് ഉള്ള കഞ്ഞിയും കപ്പയും അവൾ കഴിക്കട്ടെയെന്ന് കോരൻ കരുതി. കോരൻ കഴിക്കാതെ താൻ കഴിക്കില്ലെന്ന് അവൾ വാശിപിടിച്ചു. പതിവ്രതയായ സ്ത്രീകൾ ഭർത്താവ് ഭക്ഷണം കഴിക്കാതെ കഴിക്കില്ലല്ലോ. ജീവിതത്തിലെ ഇല്ലായ്മകളെ പരസ്പര സ്നേഹം കൊണ്ട് അവർ അതിജീവിക്കുകയാണ്. കോരന്റെ അച്ഛൻ അവൻ താമസിക്കുന്ന കുടിലിലെത്തി. കുടിലിൽ ഒരു മണി അരിപോലും ഉണ്ടായിരുന്നില്ല. കോരൻ ജോലി കഴിഞ്ഞുവരുമ്പോഴാണ് അരിയും കപ്പയുമൊക്കെ വാങ്ങികൊണ്ടുവരുന്നത്. ഒരു ദിവസത്തെ കൂലി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തികയുന്നില്ല. വൃദ്ധനാണെങ്കിൽ കഞ്ഞി കുടിച്ചിട്ട് പത്തു ദിവസമായി. അച്ഛനെന്തെങ്കിലും കൊടുത്തോ എന്ന് കോരൻ അന്വേഷിച്ചു. മുറം വിറ്റുകിട്ടിയ കാശിന് മൂഴക്ക് അരി വാങ്ങി കഞ്ഞി വെച്ച് ഞങ്ങൾ കുടിച്ചു എന്ന് കോരനോട് ചിരുത പറഞ്ഞു. എന്നാൽ വൃദ്ധൻ ചിരുത കഞ്ഞി കുടിച്ചിട്ടില്ല എന്നും അടുത്തിരുന്ന് സ്നേഹ ത്തോടെ മുഴുവൻ തനിക്ക് കോരിക്കോരി തരുകയായിരുന്നു എന്നും പറയുന്നു. പ്രവൃത്തിയിൽ അവൾ കൃതകൃത്യയായിരുന്നു. തന്റെ ആരോഗ്യത്തേക്കാൾ ഉപരി കുടുംബാംഗങ്ങളുടെ സന്തോഷത്തിനും ആരോഗ്യത്തിനുമാണ് ചിരുത പ്രാധാന്യം കൊടുക്കുന്നത് എന്നത് സന്ദർഭത്തിലൂടെ വ്യക്തമാണ്. ത്യാഗബുദ്ധിയോടെയും പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും പട്ടിണിയെ കീഴ്പ്പെടുത്തുന്ന ഒരു കുടുംബം രണ്ടിടങ്ങഴി എന്ന നോവലിലൂടെ വ്യക്തമാക്കിത്തരുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു എന്ന് പറയാം .

 

ചോദ്യം  11.

എത്രയെത്ര കോടി പറ നെല്ല് അയാൾ അറുപത്തിരണ്ടു വയസ്സിനിടയിൽ ഉണ്ടാക്കിയിരിക്കുന്നു! എത്ര നെല്ലു കൊയ്തു മെതിച്ചു! എത്ര കോടി ഉദരങ്ങൾ വൃദ്ധന്റെ പ്രയത്നഫലം കൊണ്ടു നിറഞ്ഞിരിക്കുന്നു!

മറ്റുള്ളവരെ ഊട്ടുമ്പോഴും പട്ടിണി കിടക്കാൻ വിധിക്കപ്പെടുന്നവരായിരുന്നു. കർഷകത്തൊഴിലാളികൾ. തിരിച്ചറിവ് കാർഷികരംഗത്തെ പ്രതിരോധങ്ങൾക്കും വിപ്ലവങ്ങൾക്കും വഴിമരുന്നായതിന്റെ കഥയാണ് "രണ്ടിടങ്ങഴി'യിലൂടെ തകഴി വരച്ചുകാട്ടുന്നത്. നോവൽഭാഗത്തിന്റെ വെളിച്ചത്തിൽ നിങ്ങളുടെ നിരീക്ഷണം അവതരിപ്പിക്കുക.

 

 ഉത്തരം :

പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കര പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ അല്പഭാഗമാണ് പ്ലാവിലക്കഞ്ഞി എന്ന പാഠം. ചൂഷണത്തിന് വിധേയരായിരുന്ന കുട്ടനാടൻ കർഷകർ അവകാശങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽക്കുന്ന കഥയാണ് രണ്ടിടങ്ങഴി എന്ന നോവലിലൂടെ തകഴി പറയുന്നത്.

എല്ലുമുറിയെ ജോലിചെയ്തിട്ടും പല്ലുമുറിയെ കഴിക്കാൻ സാധിക്കാത്ത അക്കാലത്തെ കർഷകരുടെ പ്രതീകങ്ങളെ "രണ്ടിടങ്ങഴി"' എന്ന നോവലിലൂടെ നമുക്ക് കാണാൻ സാധിക്കുന്നു. പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്തിട്ടും പട്ടിണിയകറ്റാനുള്ള കൂലി കോരനു ലഭിക്കുന്നില്ല. ഇടങ്ങഴി അരിക്കാണെങ്കിൽ ഒന്നര രൂപ കൊടുക്കണം.  വില കൊടുത്ത് എങ്ങനെ അരി വാങ്ങുമെന്നത് കോരന്റെ മുന്നിൽ വലിയൊരു ചോദ്യമാണ്.

 

ചോദ്യം 12.

"അതൊരു അക്ഷന്തവ്യമായ അപരാധ മാണ്. ഒരു തരത്തിലും തെറ്റ് ന്യായീകരിക്കാവുന്നതല്ല." കോരന്റെ ചിന്തകളിൽ പ്രതിഫലിക്കുന്ന അപരാധബോധം എന്തായിരുന്നു? അത് അയാൾ തിരിച്ചറിഞ്ഞതെപ്പോൾ? കണ്ടെത്തി എഴുതുക.

 

ഉത്തരം :

പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കര പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ അല്പഭാഗമാണ് പ്ലാവിലക്കഞ്ഞി എന്ന പാഠം. ചൂഷണത്തിന് വിധേയരായിരുന്ന കുട്ടനാടൻ കർഷകർ അവകാശങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽക്കുന്ന കഥയാണ് രണ്ടിടങ്ങഴി എന്ന നോവലിലൂടെ തകഴി പറയുന്നത്.

കോരനും ചിരുതയുമായുള്ള സ്നേഹബന്ധവും തുടർന്നുള്ള വിവാഹവും കാരന്റെ വീട്ടിൽ ചില പ്രശ്നങ്ങൾക്കു കാരണമായി. കോരനെ അച്ഛൻ  ഉപേക്ഷിച്ചു എന്നു തന്നെ പറയാം. എന്നാൽ വർഷങ്ങൾക്കു ശേഷമുള്ള അച്ഛന്റെ തിരിച്ചുവരവ് കോരന് ഏറെ സന്തോഷം പകർന്നു. ഒരു ദിവസം പാടത്തെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ കോരൻ വീട്ടിൽ ഭാര്യയുമായി സംസാരിച്ചിരിക്കുന്ന അച്ഛനെയാണ് കാണുന്നത്. വാർദ്ധക്യക്ഷീണത്താൽ അവശനായ അച്ഛനെ കണ്ടപ്പോൾ കോരന് ഏറെ സങ്കടമായി. വൃദ്ധനായ അച്ഛനെ തകഴിയിൽ തനിച്ചാക്കി താൻ ചിരുതയോടൊപ്പം വന്നത് ശരിയായില്ലെന്ന് കോരൻ ചിന്തിക്കുന്നു. അത് അക്ഷ ന്തവ്യമായ അപരാധമായി കോരൻ തിരിച്ചറിഞ്ഞു.

 

ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 13.

1. "തമ്പാ, ഏന് നെല്ല് കൂലി മതി. ചക്രം മേണ്ട"

2, "രാതിയിൽ നടക്കുന്ന വ്യാപാരത്തെ പരസ്യപ്പെടുത്തിയാലെന്ത് ? നെല്ലു കൂലി കിട്ടിയില്ലെങ്കിൽ ജോലിക്ക് പോകാതിരുന്നാലെന്ത്? കോരൻ ചിന്തിച്ചു."

എല്ലു മുറിയെ പണിയെടുത്തിട്ടും പട്ടിണി കിടക്കേണ്ടി വരുന്ന കർഷകത്തൊഴിലാളികളുടെ പ്രതിഷേധ സൂചനകളാണല്ലോ വരികളിൽ തെളിയുന്നത്. ഇത്തരത്തിലുള്ള കൂടുതൽ സന്ദർഭങ്ങൾ പാഠഭാഗത്തു നിന്നു കണ്ടെത്തി അക്കാലത്തെ സാമൂഹിക ജീവിതാവസ്ഥ വിമർശനാത്മകമായി വിലയിരുത്തി ഉപന്ന്യാസം തയ്യാറാക്കുക.

 

ഉത്തരം :

പ്രശസ്ത നോവലിസ്റ്റ് തകഴി ശിവശങ്കര പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവലിലെ അല്പഭാഗമാണ് പ്ലാവിലക്കഞ്ഞി എന്ന പാഠം. ചൂഷണത്തിന് വിധേയരായിരുന്ന കുട്ടനാടൻ കർഷകർ അവകാശങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽക്കുന്ന കഥയാണ് രണ്ടിടങ്ങഴി എന്ന നോവലിലൂടെ തകഴി പറയുന്നത്.

എല്ലു മുറിയെ പണിയെടുത്തിട്ടും അതനുസരിച്ചുള്ള കൂലികിട്ടാതെ പട്ടിണികിടക്കേണ്ടി വരുന്ന കർഷകത്തൊഴിലാളിയായ കോരന്റെ പ്രതിഷേധമാണ് രണ്ട് സന്ദർഭങ്ങളിലും കാണാൻ കഴിയുന്നത്. പുഷ്പവേലിൽ ഔസേപ്പ് എന്ന ഒരു ജന്മിയുടെ തൊഴിലാളിയായിരുന്നു കോരൻ. ജോലി കഴിഞ്ഞാൽ അദ്ദേഹം തൊഴിലാളികൾക്ക് പണമായേ കൂലി കൊടുക്കൂ. അതും മുക്കാൽ രൂപ. നാട്ടിൽ തീപിടിച്ച വിലയാണ് നെല്ലിന്. അതും കിട്ടാനില്ല. സാഹചര്യത്തിൽ പണമായി കൂലി കിട്ടിയാൽ അത് വീട്ടിലെ പട്ടിണി മാറ്റുകയില്ല. അതിനാലാണ് തന്റേടത്തോടെ കൂലി നെല്ലായി മതിയെന്ന് കോരൻ പറഞ്ഞത്. മറ്റ് തൊഴിലാളികൾ കാണിക്കാത്ത ധൈര്യം കോരൻ കാണിക്കുന്നു.

എന്ത് കൊണ്ടാണ് നെല്ല് കൂലിയായി തരാത്തതെന്ന് കോരന് പിന്നീട് മനസ്സിലായി. രാതിയിൽ രണ്ടു വള്ളങ്ങളിലായി നെല്ല് ചാക്കുകളിലാക്കി കടത്തുന്ന കാഴ്ച കോരൻ നേരിട്ടു കണ്ടു. അവന്റെ മനസ്സിലെ പ്രതിഷേധം ആളിപ്പടരാൻ തുടങ്ങുന്നു. വ്യാപാരം സമൂഹത്തോട് വിളിച്ചുപറയാനും കൂലി നെല്ലായി തന്നില്ലെങ്കിൽ പണിക്ക് പോകാതിരിക്കാനും അയാൾ ആലോചിക്കുന്നു. കോരന്റെ ഉള്ളിലെ വിപ്ലവകാരി സാവധാനം ഉയർന്നുവരുന്നതിന്റെ ഒരു ചിത്രമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്.

അക്കാലത്തെ ജീവിത സാഹചര്യങ്ങൾക്ക് ഉത്തമ ഉദാഹരണമാണീ സന്ദർഭങ്ങൾ. കർഷകത്തൊഴിലാളികളെ ഊററിക്കടിച്ച് പ്രമാണിമാരും മുതലാളിമാരും ആകുന്ന ഒരു സാമൂഹിക ക്രമമായിരുന്നു അന്നത്തെ ത്. ഇതിനെതിരെ ഉയരുന്ന ശബ്ദങ്ങൾ തീർത്തും അവഗണിക്കപ്പെടുന്നു. വീണ്ടും പണം തന്നെ കൂലി കൊടുക്കുമ്പോൾ കോരൻ വീണ്ടും ഇടപെടുന്നു. അന്നും തനിക്ക് കൂലിയായി നെല്ല് മതിയെന്ന് കോരൻ പറഞ്ഞു. അതിന് മറുപടിയായി കോരന്റെ കൂലി കുറച്ച് കൂട്ടിക്കൊടുക്കുകയാണ് ഔസേപ്പ് ചെയ്തത്. മറ്റൊരു തൊഴിലാളിയും കോരന്റെ കൂടെ കൂടുകയോ, പ്രതിഷേധിക്കുകയോ ചെയ്തില്ല. കിട്ടുന്ന വേതനം കൊണ്ട് അടിമകളെ പോലെ ജീവിച്ചുപോരുന്ന അന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ നല്ല ഉദാഹരണമാണ് സന്ദർഭം.  ന്യായത്തിന് വേണ്ടി സംസാരി ക്കുമ്പോൾ അതിനെ പിൻതാങ്ങാൻ ആളില്ലാതെ വരുന്നു. എന്നാലും തന്റെ നയപരമായ തീരുമാനവുമായി മുന്നോട്ടുപോകുന്ന ഒറ്റപ്പെട്ട ശബ്ദമായി നമുക്ക് കോരനെ കാണാം.

 

തകഴി ശിവശങ്കരപ്പിള്ള

ആലപ്പുഴ ജില്ലയിലെ തകഴി ഗ്രാമത്തിൽ അരിപ്പുറത്തുള്ള വീട്ടിൽ 1912 ഏപ്രിൽ 17 ന് ശിവശങ്കരപ്പിള്ള ജനിച്ചു. കുട്ടനാട്ടിന്റെ കഥകളാണ് തകഴി പറഞ്ഞത്. മലയാള സാഹിത്യത്തെ വിശ്രപ്രശസ്തിയിലേക്കെത്തിച്ചത് തകഴിയാണ്. സാധാരണ മനുഷ്യന്റെയും, മണ്ണും മനുഷ്യനും തമ്മിലുള്ള ഗാഢബന്ധത്തിന്റെയും കഥകൾ പറഞ്ഞാണ് തകഴി ശിവശങ്കരപ്പിള്ള മലയാള സാഹിത്യത്തിൽ ഒരു സാമ്രാജ്യം സ്ഥാപിച്ചത്. കുലീനകഥാപാത്രങ്ങൾ വിഹരിച്ചിരുന്ന സാഹിത്യത്തിൽ തകഴി അധഃസ്ഥിതരെയും സാധാരണക്കാരെയും കർഷകത്തൊഴിലാളികളേയും മുക്കുവരെയും തോട്ടികളെയും കൂട്ടിക്കൊണ്ടുവന്നു. ബാല്യകാലകഥ, എന്റെ വക്കീൽ ജീവിതം എന്നീ ആത്മകഥകളും, അമേരിക്കൻ തിരശ്ശീല എന്ന യാത്രാവിവരണവും തകഴി രചിച്ചു. ഒരു എരിത്തടങ്ങൽ ആണ് അദ്ദേഹത്തിന്റെ അവസാനത്തെ നോവൽ. 1957 ചെമ്മീനിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും, 1965 ഏണിപ്പടികൾ കേരള സാഹിത്യ അക്കാദമി അവാർഡിനും, 1980 കയർ വയലാർ അവാർഡിനും അർഹമായി. 1984 ജ്ഞാനപീഠവും തകഴിയെ തേടിയെത്തി. രാഷ്ട്രം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി. 1999 ഏപ്രിൽ 10 ന് തകഴി അന്തരിച്ചു.

1 comment:

അടിസ്ഥാനപാഠാവലി

 അടിസ്ഥാനപാഠാവലി-മാതൃകാചോദ്യോത്തരങ്ങള്‍ യൂണിറ്റ് 1 പാഠം 1        പ്ലാവിലക്കഞ്ഞി പാഠം 2        ഓരോവിളിയും കാത്ത് പാഠം 3        അമ്മത്തൊട്ടില...