അമ്മത്തൊട്ടിൽ
ഒരു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ
ചോദ്യം 1.
"ഇന്നും പഴിപറയും - ആര് പഴിപറയുമെന്നാണ് കവി പറയുന്നത്?
ഉത്തരം:
ഭാര്യ
രണ്ടു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ
ചോദ്യം - 2
പദ-വാക്യതലങ്ങളിലുള്ള അഭംഗി കണ്ടെത്തി വാക്യം മെച്ചപ്പെടുത്തിയെഴുതുക.
ഞങ്ങളുടെ കലാലയ ജീവിതത്തിനു ശേഷം അനേകവർഷങ്ങൾ കഴിഞ്ഞ ശേഷമാണ് ഞങ്ങൾ തമ്മിൽ പരസ്പരം കണ്ടതെങ്കിലും പഴയ സ്നേഹവും സുഹൃത്തും അതുപോലെ തന്നെ ഞങ്ങൾക്ക് അനുഭവപ്പെട്ടു.
ഉത്തരം :
ഞങ്ങളുടെ കലാലയജീവിതത്തിനു ശേഷം അനേകവർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ തമ്മിൽ കണ്ടതെങ്കിലും പഴയ സ്നേഹവും സുഹൃത്ബന്ധവും അതുപോലെ തന്നെ ഞങ്ങൾക്ക് അനുഭവപ്പെട്ടു.
ചോദ്യം 3.
"മങ്ങിപ്പഴകിയ പിഞ്ഞാണവർണമായ് "
പിഞ്ഞാണവർണ്ണമായ് എന്ന പ്രയോഗത്തിലൂടെ ഏതിന്റെ സാദൃശ്യകല്പനയാണ് കവി ആവിഷ്കരിക്കുന്നത്?
ഉത്തരം :
വൃദ്ധയായ അമ്മയുടെ കണ്ണുകളുടെ തെളിച്ചക്കുറവും ഭംഗിക്കുറവുമാണ് "പിഞ്ഞാണവർണം" എന്ന പ്രയോഗത്തിലൂടെ ആവിഷ്കരിക്കുന്നത്.
ചോദ്യം 4.
"അന്നത്തെ സൂചിപ്രയോഗത്തിൽനീറ്റൽ" പ്രയോഗഭംഗി കുറിക്കുക?
ഉത്തരം :
കവിയുടെ ബാല്യകാലസ്മരണ. പനികാരണം ആശുപത്രിയിലെത്തിയതും അവിടെ നിന്ന് ഇഞ്ചക്ഷൻ എടുക്കേണ്ടിവന്നതും കവിയുടെ മനസ്സിലെത്തുന്നു.
ചോദ്യം -5.
കവിതയിൽ അമ്മയുടെ കണ്ണുകളെ "മങ്ങിപ്പഴകിയ പിഞ്ഞാണവർണമായി എന്നു വിശേഷിപ്പിച്ചിരിക്കു ന്നത് എന്തു കൊണ്ടാവാം?.
ഉത്തരം :
നിരന്തരമായ ഉപയോഗത്തിൽ നിറം മങ്ങി പഴകിയ പിഞ്ഞാണത്തിന്റെ വർണമായി മാറിയതാണ് അമ്മയുടെ കണ്ണുകൾ. കണ്ണിന്റെ തെളിച്ചവും ഭംഗിയും നഷ്ടമായി. പ്രായാധിക്യത്താൽ പീള അടിഞ്ഞ് നിറം മങ്ങിയ കണ്ണുകൾ അമ്മയുടെ ദൈന്യത്തെ സൂചിപ്പിക്കുന്നു.
ചോദ്യം 6.
അമ്മയ്ക്കന്ത് സംഭവിച്ചിട്ടുണ്ടാവാം? നിങ്ങളുടെ നിഗമനമെന്ത്?
ഉത്തരം :
" നിറം പോയികണ്ണുകളെന്തേയടയ്ക്കാതെ വച്ചമ്മ നിർദയം?" എന്ന വരികളിലാണ് അമ്മയുടെ അവസ്ഥ ചിത്രീകരിക്കുന്നത്. അടയ്ക്കാതെ വച്ച കണ്ണുകളും പൂർണമായുള്ള വലത്തോട്ടു ചായലും അമ്മയുടെ അന്ത്യത്തെ കുറിക്കുന്നു.
നാലു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ
ചോദ്യം 7.
"ഒന്നിനും കൊള്ളരുതാത്തവനെന്ന വൾ ഇന്നും പഴി പറത്തേക്കും, മടങ്ങാതെ വയ്യ."
"ഇവിടെ അമ്മയെ തനിച്ചു നിർത്തിയിട്ട് ഞാനെങ്ങന്യാ പോവ്വാ?."
"അപരാധ ബോധം കോരന്റെ ഹൃദയത്തെ നോവിച്ചു. വൃദ്ധനെ തകഴിയിൽ തനിച്ച് നിർത്തിയിട്ട് താൻ തന്റെ സുഖം തേടി പെണ്ണുമായി
മറുനാട്ടിൽപ്പോന്നു"
സൂചനകൾ പ്രയോജനപ്പെടുത്തി കഥാപാത്രങ്ങളുടെ താരതമ്യക്കുറിപ്പ് തയ്യാറാക്കുക.
ഉത്തരം :
അമ്മത്തൊട്ടിൽ, പ്ലാവിലക്കഞ്ഞി, ഓരോവിളിയും കാത്ത് എന്നീ മൂന്ന് രചനകളിലേയും സന്ദർഭങ്ങളും വരികളും ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. സ്നേഹത്തിന്റെ വിവിധ തലങ്ങൾ ഈ മൂന്ന് പാഠഭാഗങ്ങളിലും നമുക്ക് വ്യക്തമായി കാണാം.
അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധത്തെയാണ് അമ്മത്തൊട്ടിൽ എന്ന കവിതയിൽ നിന്നും പ്രകടമാകുന്നത്. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി സ്വന്തം അമ്മയെ വഴിയോരത്ത് ഉപേക്ഷിക്കാൻ നിർബന്ധിതനായ മകന്റെ കാഴ്ചകളിലൂടെയും ഓർമ്മകളിലൂടെയും ചിന്തകളിലൂടെയുമാണ് കവിത മുന്നേറുന്നത്. അമ്മയെ ഉപേക്ഷിക്കാനുള്ള ശ്രമം മകൻ നടത്തുന്നുണ്ട് എങ്കിലും നിഷ്കളങ്കമായ അമ്മയുടെ സ്നേഹത്തിനു മുൻപിൽ മകൻ തോറ്റു പോവുകയാണ്.
എന്നാൽ സ്നേഹനിധിയായ അച്ഛനും മകനും തമ്മിലുള്ള കണ്ടുമുട്ടലിനെയാണ് പ്ലാവിലക്കഞ്ഞിയിൽ മനോഹരമായി അവതരിപ്പിക്കുന്നത്. ചിരുതയോടൊപ്പം താമസിക്കുന്നതിന് വേണ്ടി അച്ഛനെയും മറ്റും ഉപേക്ഷിച്ച കോരനെ കാണാൻ അച്ഛൻ എത്തുന്ന ഭാഗം നോവലിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. വിശപ്പ് മറച്ചുവച്ച് പരസ്പരം ഊട്ടാനുള്ള കോരന്റെയും ചിരുതയുടെയും ശ്രമങ്ങളിലൂടെ ഭാര്യയും ഭർത്താവും തമ്മിലുള്ള സ്നേഹവും, ദാരിദ്ര്യത്തിലും കഞ്ഞി കൊടുക്കാനായി കഷ്ടപ്പെടുന്ന മകന്റെ ശ്രമത്തിൽ നിന്നും അച്ഛനും മകനും തമ്മിലുള്ള സ്നേഹവും വ്യക്തമാണ്.
ഈ രണ്ടു രചനകളോടും കിടപിടിക്കുന്ന മറ്റൊരു രചനയാണ് ഓരോ വിളിയും കാത്ത്. നഗരത്തിൽ താമസിക്കുന്ന മകൻ അച്ഛന്റെ മരണശേഷം ഗ്രാമത്തിൽ താമസിക്കുന്ന അമ്മയെ തന്നോടൊപ്പം കൊണ്ടുപോകാൻ ശ്രമിക്കുന്നു. എന്നാൽ ഭർത്താവ് മരിച്ചുപോയെങ്കിലും ഭർത്താവിന്റെ ഓർമ്മകളിൽ ഇവിടെ തന്നത്താൻ തന്റെ ഭർത്താവിനോടൊപ്പം തന്നെ ജീവിക്കുകയാണ് എന്ന് അമ്മ മകനോടു പറയുന്നു. അമ്മയും അച്ഛനും തമ്മിലുള്ള സ്നേഹത്തിനു മുമ്പിൽ നിസ്സഹായനായി നോക്കിനിൽക്കുന്ന മകനെ നമുക്കിവിടെ കാണാം. ഭാര്യാഭർതൃസ്നേഹത്തിന്റെ ആഴമാണ് ഓരോ വിളിയും കാത്ത് എന്ന കഥ തുറന്നുകാട്ടുന്നത്.
അമ്മയോടുള്ള സ്നേഹം അമ്മത്തൊട്ടിലും ഭർത്താവിനോടുള്ള സ്നേഹം ഓരോ വിളിയും കാത്ത് എന്ന കഥയിലും പിതൃ-പുത്ര, ഭാര്യാ-ഭർത്തൃ സ്നേഹം പ്ലാവിലക്കഞ്ഞിയിലും ദൃശ്യമാകുന്നു. സ്നേഹത്തിന്റെ വിവിധ തലങ്ങളാണ് ഈ പാഠഭാഗങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്.
ചോദ്യം 8.
"പക്ഷേ, കണ്ണുകൾ, കണ്ണുകൾ മങ്ങിപ്പഴകിയ പിഞ്ഞാണവർണമായ്"
കണ്ണുകൾ, കണ്ണുകൾ എന്ന ആവർത്തനം കവിതയുടെ ഭാവതലത്തെ ശക്തിപ്പെടുത്തുന്നതെങ്ങനെ? വിശകലനം ചെയ്തു കുറിപ്പു തയാറാക്കുക.
ഉത്തരം :
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ കവിതയാണ് അമ്മത്തൊട്ടിൽ. വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ മക്കൾക്ക് ശല്യമാവുന്നതും അവരെ ഉപേക്ഷിക്കുകയോ വൃദ്ധസദനങ്ങളിലേക്ക് തള്ളുകയോ ചെയ്യുന്ന കാലികപ്രസക്തമായ ഒരു പ്രമേയത്തെ തീക്ഷ്ണമായി ആവിഷ്കരിക്കുകയാണ് അമ്മത്തൊട്ടിൽ എന്ന കവിതയിലൂടെ.
കടമകളിൽ നിന്നും കടപ്പാടുകളിൽ നിന്നും പുറംതിരിഞ്ഞുനടക്കുന്ന ഇന്നത്തെ തലമുറയെ അമ്മത്തൊട്ടിൽ എന്ന കവിതയിലൂടെ നമുക്ക് കാണാം.
കണ്ണുകൾ, കണ്ണുകൾ മങ്ങിപ്പഴകിയ പിഞ്ഞാണ വർണമായ്" എന്ന ആവർത്തനം കവിതയുടെ ഭാവതലത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ടെന്ന് നിസ്സംശയം നമുക്ക് പറയാവുന്നതാണ്. ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രമാണ് പിഞ്ഞാണം. നിരന്തരമായി ഒരേപാത്രം തന്നെ കഴുകിക്കഴുകി ഉപയോഗിക്കുമ്പോൾ അതിന്റെ നിറം മങ്ങുക സ്വാഭാവികമാണ്. പ്രായാധിക്യത്താൽ അമ്മയുടെ കണ്ണുകളുടെ തെളിച്ചം നഷ്ടപ്പെട്ടു. എന്നതിനെ സൂചിപ്പിക്കുന്നതിനുവേണ്ടിയാണ് മങ്ങിപ്പഴകിയ പിഞ്ഞാണവർണ്ണമായി എന്നു പ്രയോഗിച്ചിരിക്കുന്നത്. പ്രായം വർധിക്കുമ്പോൾ പേശികളുടെ ബലം കുറയുകയും കൺപോളകൾ തൂങ്ങുകയും കാഴ്ച കുറയുകയും പീള അടിയുകയും നിറം മങ്ങുകയും ഒക്കെ ചെയ്യുന്നു. വളരെയധികം ത്യാഗം സഹിച്ചാണ് അമ്മമാർ കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത്. കൈ വളരുന്നോ, കാൽ വളരുന്നോ എന്നു കരുതി കണ്ണിമചിമ്മാതെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. അങ്ങനെ വളർത്തി വലുതാക്കി അവരുടെ വിവാഹവും നടത്തിക്കഴിഞ്ഞ് ശേഷിച്ച കാലം അവരുടെ സംരക്ഷണയിൽ സന്തോഷപൂർവം കഴിഞ്ഞു കൂടാം എന്ന് അമ്മ കരുതിയിട്ടുണ്ടാകും. എന്നാൽ താൻ പ്രതീക്ഷിച്ചതിൽ നിന്നും വിരുദ്ധമായ കാഴ്ചകൾ കണ്ടുകണ്ടാണ് അമ്മയുടെ കണ്ണിന്റെ നിറം മങ്ങിയത്. അമ്മ ചെയ്യേണ്ടതായ കടമകളെല്ലാം ചെയ്തു തീർത്തു. എന്നാൽ മകനാകട്ടെ അവന്റെ കടമകൾ കൃത്യമായി ചെയ്തില്ല. കടമകളിൽ നിന്നും കടപ്പാടുകളിൽ നിന്നും ഇന്നത്തെ
തലമുറ പുറംതിരിഞ്ഞു നിൽക്കുകയാണ്. അതുകൊണ്ടു തന്നെ കണ്ണുകൾ കണ്ണുകൾ എന്നആവർത്തനം കവിതയുടെ ഭാവതലത്തെ ശക്തിപ്പെടുത്തുന്നുണ്ട് എന്ന് പറയാം.
ചോദ്യം 9.
"പെറ്റുകിടക്കും തെരുവുപട്ടിക്കെന്തൊരൂറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു."
കാവ്യസന്ദർഭം കവിതയുടെ പ്രമേയത്തെ വികാരതീവമാക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
ഉത്തരം :
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ കവിതയാണ് അമ്മത്തൊട്ടിൽ. വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ മക്കൾക്ക് ശല്യമാവുന്നതും അവരെ ഉപേക്ഷിക്കുകയോ വൃദ്ധസദനങ്ങളിലേക്ക് തള്ളുകയോ ചെയ്യുന്ന കാലികപ്രസക്തമായ ഒരു പ്രമേയത്തെ തീക്ഷ്ണമായി ആവിഷ്കരിക്കുകയാണ് അമ്മത്തൊട്ടിൽ എന്ന കവിതയിലൂടെ.
"പെറ്റുകിടക്കും തെരുവുപട്ടിക്കെന്തൊരുറ്റം, കുരച്ചത് ചാടിക്കുതിക്കുന്നു." എന്ന വരികൾ കവിതയുടെ പ്രമേയത്തെ തീർച്ചയായും വികാരതീവ്രമാക്കുന്നുണ്ട് എന്ന് പറയാം. അമ്മയെ ഉപേക്ഷിക്കാൻ മകൻ കണ്ടെത്തിയ മാളിന്റെ സമീപത്തായി പെറ്റുകിടന്ന പട്ടി മകന്റെ നേരെ കുരച്ചുകൊണ്ട് ആക്രമിക്കാൻ വരുന്നതാണ് സന്ദർഭം. ഈ സന്ദർഭത്തിലൂടെ തെരുവുപട്ടിപോലും അതിന്റെ കുഞ്ഞി സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണെന്ന് മനസ്സിലാക്കാം. "കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്' എന്ന് പറയുന്നതുപോലെ സവിശേഷബുദ്ധിയില്ലാത്ത മൃഗങ്ങൾക്കു പോലും തന്റെ കുഞ്ഞിനെ പൂർണ്ണമായി സംരക്ഷിക്കണമെന്നുണ്ട് എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് അതിന്റെ അടുത്തേക്ക് വരുന്നവരുടെ നേരെ അത് ചീറിയടുക്കുന്നത്.
പ്രകൃതിയുടെയും മിണ്ടാ പ്രാണികളുടെയും ഇടയിൽ ബുദ്ധിയുള്ള മനുഷ്യൻ എത്രയോ ചെറുതായി പോകുന്നതായി നമുക്ക് കാണാൻ സാധിക്കുന്നു. ജന്മം നൽകി സ്നേഹിച്ചു ലാളിച്ചു വളർത്തിയ മകൻ അമ്മയെ തെരുവിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുന്നതിലൂടെ ആധുനിക ജീവിതത്തിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ പ്രാധാന്യവും വാർദ്ധക്യത്തെ ഉൾക്കൊള്ളാൻ കഴിയാത്ത പുതുതലമുറയുടെ മനോഭാവവും വ്യക്തമാണ്.
അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിനെതിരെ ഒരു തെരുവുപട്ടിയെപ്പോലെ പോരാടിയാവാം ആ അമ്മ മകനെ വളർത്തിയത്.
തെരുവുപട്ടിയുടെ ശൗര്യമാണ് മകനിൽ വീണ്ടും ആ ഓർമ്മയുണർത്തുന്നത്. മക്കളെ പോറ്റിവളർത്തിയ ഒരമ്മയുടെ ജീവിതം മുഴുവൻ ഈ രണ്ടു വരികളിലൂടെ നമുക്ക് വ്യക്തമാണ്.
ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ
ചോദ്യം -10.
"പെറ്റുകിടക്കും തെരുവുപട്ടിക്കെന്തൊരൂറ്റം, കുരച്ചതു ചാടിക്കുതിക്കുന്നു" ഈ വരികൾ ഉയർത്തുന്ന വിമർശനം വിശകലനം ചെയ്ത് നിങ്ങളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി ഉപന്യാസം എഴുതുക.
ഉത്തരം :
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ കവിതയാണ് അമ്മത്തൊട്ടിൽ. വാർദ്ധക്യത്തിലെത്തിയ മാതാപിതാക്കൾ മക്കൾക്ക് ശല്യമാവുന്നതും അവരെ ഉപേക്ഷിക്കുകയോ വൃദ്ധസദനങ്ങളിലേക്ക് തള്ളുകയോ ചെയ്യുന്ന കാലികപ്രസക്തമായ ഒരു പ്രമേയത്തെ തീക്ഷ്ണമായി ആവിഷ്കരിക്കുകയാണ് അമ്മത്തൊട്ടിൽ എന്ന കവിതയിലൂടെ.
സാധാരണഗതിയിൽ "അമ്മത്തൊട്ടിൽ" അറിയപ്പെടുന്നത് അനാഥകളായ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ളതായിട്ടാണ്. പക്ഷെ ഇവിടെ ഒരു മകൻ സ്വന്തം അമ്മയെ അതും പ്രായംചെന്ന, കണ്ണുകാണാതെ, ബലഹീനയായി മരിക്കാറായ അമ്മയെ ഭാര്യയുടെ നിർദ്ദേശപ്രകാരം ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നു.
പട്ടണത്തിലെ ആളൊഴിഞ്ഞ മൂലയിൽ അയാൾ ഒരു മാൾ കാണുന്നു. ഇരുട്ടിന്റെ മറവിൽ അമ്മയുമായി അവിടേക്ക് ചെന്നപ്പോൾ അവിടെ പ്രസവിച്ചു കിടക്കുന്ന ഒരു പട്ടി കുരച്ചു ചാടി അയാളെ പിൻതിരിപ്പി ക്കുന്നു. മാതൃത്വത്തിന്റെ രണ്ട് മുഖങ്ങളാണ് നാമിവിടെ കാണുന്നത്. ഒന്ന് സ്വന്തം മകനാൽ ഉപേക്ഷിക്കപ്പെടാൻ നിയോഗിക്കപ്പെടുന്ന അമ്മ. മറ്റൊന്ന് സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ കണ്ണും കാതും കൂർപ്പിച്ച് സാഹചര്യങ്ങളെ നേരിടാൻ തയ്യാറായി നിൽക്കുന്ന അമ്മ. നമ്മുടെ കണ്ണുകളെ തുറപ്പിക്കുന്ന അസുലഭമായ ഒരു സാഹചര്യമാണ് കവി സൃഷ്ടിച്ചത്.
പത്രങ്ങളിൽ ഇന്നു കാണുന്ന വാർത്തകൾ വായിച്ചു ശീലിച്ച ഒരാൾക്കും ഇതൊരു അതിശയോക്തിയായി തോന്നില്ല. അതിനേക്കാൾ മാരകമായ രീതിയിലാണ് മാതൃത്വത്തോട് ഇന്നത്ത സമൂഹം കാണിക്കുന്ന ക്രൂരതകൾ. പ്രായമായ മാതാപിതാക്കൾ ഒരു ബാധ്യതയാണ് എന്നു വിചാരിക്കുന്ന സമൂഹമാണ് വളർന്നു വരുന്നത്. പ്രായമായവർ ഒടിഞ്ഞ ഫർണിച്ചറുകളെപ്പോലെ അവർക്ക് തോന്നുന്നു. ഒരു മൂലയിലേക്ക് തള്ളിമാറ്റപ്പെടുന്നു. ഈ കാഴ്ചപ്പാടിന്റെ പ്രതിനിധികളാണ് കവിതയിലെ മകനും ഭാര്യയും.
തങ്ങൾക്ക് ഈ സുഖസൗകര്യങ്ങൾ കിട്ടാനായി പണ്ടു കാലത്ത് സഹിച്ച യാതനകൾ ഒന്നും തന്നെ അവരുടെ മനസ്സിൽ ഇടംപിടിക്കുന്നേയില്ല. അമ്മ മക്കളെ സംരക്ഷിക്കുവാൻ എടുക്കുന്ന ജാഗ്രതയും, സഹനശേഷിയും, സന്നദ്ധതയുമാണ് പട്ടിയുടെ കുരച്ചുചാട്ടത്തിൽ നമുക്ക് വായിക്കാൻ കഴിയുന്നത്. അതൊരു ഓർമ്മപ്പെടുത്തലാണ്.
മാതൃത്വങ്ങളെ അവഹേളിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന ഓരോ യുവത്വത്തിന്റെ ഉള്ളിലും ആ പട്ടിയുടെ കുര എക്കാലവും മുഴങ്ങിക്കൊണ്ടിരിക്കും.
ചോദ്യം 11.
“എങ്ങിനി കൊണ്ടിറക്കേണ്ടു സ്വയം ബുദ്ധികെട്ടു കരിന്തിരിയാളും വരെയവർ ഒന്നന്നെ കൊണ്ടുപോയീടണമെന്നുള്ള ശല്യപ്പെടുത്തൽ പ്രതിഷ്ഠിച്ച കോവിലിൽ?"
സമകാലിക സമൂഹത്തിലെ മനുഷ്യത്വ രഹിതമായ മനോഭാവങ്ങളോടുള്ള അതിശക്തമായ പ്രതികരണമാണ് "അമ്മ ത്താട്ടിൽ". ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ കവിതയ്ക്ക് ആസ്വാദനം തയ്യാറാക്കുക.
ഉത്തരം :
മലയാളികളുടെ ഹൃദയത്തിൽ ചേക്കേറുന്ന ഒട്ടനവധി കവിതകൾ കൊണ്ട് അനുഗൃഹീതനായ കവിയാണ് റഫീക്ക് അഹമ്മദ്. തോരാമഴ, ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാൽ തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച കാവ്യസമാഹാരങ്ങളാണ്. അദ്ദേഹത്തിന്റെ അതിമനോഹരവും ഭാവാത്മകവുമായ ഒരു കവിതയാണ് "അമ്മത്തൊട്ടിൽ". സമകാലിക സമൂഹത്തിന്റെ മനുഷ്യത്വരഹിതമായ ചെയ്തികളോടുള്ള അതിശക്തമായി പ്രതികരണമാണീ കവിത. വാർദ്ധക്യത്തിൽ അവശരും നിരാലംബരുമായി മാറുന്ന വൃദ്ധജനങ്ങളോട് പുതുതലമുറ കാണിക്കുന്ന നന്ദികേടിനെ തുറന്നുകാണിക്കുന്നതാണ് കവിതയിലെ പ്രമേയം. പ്രായം ചെന്ന് കണ്ണും കാതും കേൾക്കാതെ മരണത്തെ കാത്തിരിക്കുന്ന സ്വന്തം അമ്മയെ ഭാര്യയുടേയും കൂടിയുള്ള സമ്മർദ്ദത്താൽ വഴിയിലെവിടെയെങ്കിലും ഉപേക്ഷിക്കാൻ തയ്യാറാകുന്ന മകനാണ്. കവിതയിലെ നായകൻ.
അയാൾ പ്രായം ചെന്ന അമ്മയെ കാറിലെ പിൻസീറ്റിൽ ഇരുത്തുന്നു. സ്വന്തമായി ഇരിക്കാൻ പോലും അവർക്ക് വയ്യ. ചെരിഞ്ഞുപോകുന്ന അവരെ അയാൾ നേരെയിരുത്താൻ ശ്രമിക്കുന്നു. അവരുടെ കൈകൾ ഉണങ്ങിയ ചുള്ളിക്കമ്പുപോലെ ശുഷ്കിച്ചിരിക്കുന്നു. അത് മാറോട് ചേർത്ത് വെച്ചിരിക്കുന്നു. കണ്ണുകളിൽ ദയനീയഭാവം. അതിൽ പീള നിറഞ്ഞിരിക്കുന്നു. തിമിരം ബാധിച്ച കണ്ണുകൾ മങ്ങി പഴകിയ പിഞ്ഞാണത്തിന്റെ നിറമായിക്കഴിഞ്ഞിരിക്കുന്നു. പാടയും പീളയും വന്ന കണ്ണുകൾ പ്രയാസത്തോടെ തുറന്ന് അടയ്ക്കുന്നു. വിജനമായ തെരുവീഥിയിൽ ആകാശംമുട്ടെ ഉയർന്ന "പെരുമാൾ' പോലെ നിൽക്കുന്ന ഒരു വലിയ മാളിന്റെ അരികിലേക്കാണ് അയാൾ അമ്മയെ ആദ്യം കൊണ്ടുപോയത്. എന്നാൽ അവിടെ ഇരുട്ടിൽ പെറ്റുകിടക്കുന്ന പട്ടി അയാളുടെ നേരെ കുരച്ചു ചാടുന്നു.
അതോടെ ആ ശ്രമം ഉപേക്ഷിച്ച മകൻ അമ്മയെ പിന്നെ കൊണ്ടുപോകുന്നത് ജില്ലാശുപതിക്കരികിലക്കാണ്. അവിടെ ഒരു "രാക്കട' മാത്രം തുറന്നുവെച്ചിരിക്കുന്നു. ഒന്നുരണ്ട് ആളുകളേ അവിടെയുള്ളൂ. പിന്നിൽ ഇരുട്ടുള്ള ഒരു സ്ഥലമുണ്ട്. അമ്മയെയെടുത്ത് അയാളങ്ങോട്ടു നീങ്ങവേ ഒരു കുറ്റബോധമെന്നോണം പണ്ട് പനിപിടിച്ചപ്പോൾ അമ്മ തന്നെയുമെടുത്ത് ഡോക്ടറെക്കാണാൻ ഓടിയത് അയാൾക്ക് ഓർമ്മവന്നു. അന്നത്തെ സൂചിപ്രയോഗത്തിന്റെ വേദനപോലെ മറ്റൊരു വേദന അനുഭവിച്ച മകന് അമ്മയെ ഉപേക്ഷിക്കാൻ തോന്നിയില്ല.
രാതിയുടെ ഏകാന്തതയിൽ ആളനക്കമില്ലാത്ത വിദ്യാലയമാണ് പിന്നീടയാൾ കണ്ടെത്തുന്നത്. പക്ഷേ വിദ്യാലയ സ്മരണകൾ അയാളെ പിൻതിരിപ്പിക്കുന്നു. അമ്മ തന്നെയും പിടിച്ച് വലിച്ച് സ്കൂളിലേക്ക് പോകുന്നതും കുതറി ഓടാൻ ശ്രമിച്ചതും, ഉച്ചയാവോളം അമ്മ മതിലിനരികിൽ കാത്തു നിൽക്കുന്നതുമെല്ലാം അയാളുടെ മനസ്സി ലേക്കോടിയെത്തി. അയാൾ ആ ശ്രമത്തിൽ നിന്നും പിൻതിരിഞ്ഞു.
പിന്നീട് കണ്ടെത്തിയത് രാത്രിയുടെ ഏകാന്തതയിൽ ഈശ്വരൻ വിശ്രമിക്കുന്ന കോവിലാണ്. നല്ലകാലത്ത് ഒരുപാട് തവണ അമ്മ ആവശ്യപ്പെട്ടതായിരുന്നു കോവിലിൽ കൊണ്ടുപോകണമെന്ന്. അന്ന് ചെയ്യാത്തത് സാക്ഷാൽക്കരിച്ചുകൊടുക്കാൻ ഇപ്പോഴാണ് അയാൾക്ക് തോന്നുന്നത്. പക്ഷെ കോവിലിൽ നിന്ന് വെളിയിലേക്ക് ഈശ്വരൻ ഇറങ്ങിവരുന്നതായി അയാൾക്ക് തോന്നി. ഒരു പക്ഷെ ഹൃദയഭേദകമായ മാതൃനിരാസം കാണാൻ ശക്തിയില്ലാതെ ദൈവം പോലും കാറ്റു കൊള്ളുവാനെന്ന രീതിയിൽ പുറത്തിറങ്ങിയതാവണമെന്ന് കവി വിഷാദിക്കുന്നു. മകൻ വിചാരിച്ചപോലെ അമ്മയെ അവിടെ ഉപേക്ഷിക്കാൻ കഴിയുന്നില്ല.
ഒരുഭാഗത്ത് അമ്മയെ ഉപേക്ഷിക്കണമെന്ന ഭാര്യയുടെ നിർദ്ദേശം. മറുഭാഗത്ത് അമ്മയോട് ചെയ്യുന്ന നന്ദികേടിന്റെ ഓർമ്മകളിൽ തെളിയുന്ന കുറ്റബോധവും. ഇത് രണ്ടും കൂടിച്ചേർന്ന മനസ്സ് അയാളെ ആ കൃത്യത്തിൽ നിന്ന് പിൻതിരിപ്പിക്കുന്നു. അമ്മയെ പുറന്തള്ളാതെ വീട്ടിലേക്ക് ചെന്നാൽ ഭാര്യ വീണ്ടും വഴക്കുപറയുമെന്ന് അയാൾ പേടിച്ചു. പുറത്ത് തണുപ്പ് കൂടി വരികയാണ്. തണുപ്പ് തുറന്ന് കിടക്കുന്ന ചില്ലുകൾക്കിടയിലൂടെ കാറിലേക്ക് കടന്നു വന്നു. മകന് ചെറുപ്പകാലത്തെ അമ്മയുടെ മടിയിൽ കമ്പിളി പുതപ്പിനുള്ളിൽ അഭയം തേടുന്നത് ഓർമ്മ വന്നു. അമ്മയുടെ അടിവയറിലെ ചൂട്, തലമുടിയിൽ നിന്നും ഉയരുന്ന കാച്ചെണ്ണയുടെ മണം, ഓലക്കൊടി കത്തുന്ന വാസന എല്ലാം കൂടി അമ്മയുടെ സാന്നിധ്യം വീണ്ടും മനസ്സിൽ നിറഞ്ഞു. അയാൾ തിരിഞ്ഞു നോക്കി. അമ്മയുടെ പ്രാണൻ ദുർബ്ബലമായ ശരീരത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു. മകനെത്തന്നെ നോക്കി അടക്കാതെ വെച്ച കണ്ണുകൾ അയാളെ അസ്വസ്ഥതപ്പെടുത്തി.
ചുരുക്കത്തിൽ ആരുടെയും കരളലിയിപ്പിക്കുന്ന ഒരു കവിതയാണിത്. ഒരു പക്ഷെ വൈലോപ്പിള്ളി ശ്രീധരമേനോന്റെ "മാമ്പഴം" മലയാളികളുടെ കണ്ണുകളെ ഈറനണിയിച്ച പോലുള്ള നൊമ്പരം പകരുന്ന ഒരു കവിതയാണ് “അമ്മത്തൊട്ടിൽ" എന്ന കവിതയും.
ചോദ്യം 12.
കാഴ്ചകൾ, ഓർമ്മകൾ, ഗന്ധങ്ങൾ, അവസ്ഥകൾ എന്നിവയുടെ മനോഹരമായ സന്നിവേശം "അമ്മത്തൊട്ടിൽ' എന്ന കവിതയിൽ കാണാം. അത്തരം പ്രത്യേകതകൾ പട്ടികപ്പെടുത്തുക. സവിശേഷതകൾ വ്യക്തമാക്കുക. തുടർന്ന്,
ദൃശ്യസാധ്യതകൾ ചർച്ച ചെയ്ത് ഹ്രസ്വസിനിമയ്ക്കുള്ള തിരക്കഥ തയ്യാറാക്കുക.
ഉത്തരം:
സീൻ : 1 (സമയം രാത്രി)
മനോഹരമായ വീട്. കാറ്. അമ്മ. മകൻ അമ്മയെ പിൻസീറ്റിൽ പലവട്ടം നേരെയിരുത്താൻ ശ്രമിക്കുന്നു.
സീൻ : 2
കാർ മുന്നോട്ട് പോകുന്നു.
സീൻ : 3
വലിയൊരു മാൾ. മാളിന്റെ ആകാര ദർശനം. സമീപത്ത് നിർത്തുന്ന കാർ. അവ്യക്തമായ കാഴ്ച, കാറിൽ നിന്ന് അമ്മയെ താങ്ങിയെടുത്ത് നടക്കുന്ന മകൻ. കുരച്ചു ചാടുന്ന പട്ടി. തിരിച്ചു നടക്കുന്ന മകൻ.
സീൻ : 4
മുന്നോട്ട് പോകുന്ന കാർ. രാത്രിക്കാഴ്ചകൾ പിന്നോട്ട് സഞ്ചരിക്കുന്നു. ആശുപത്രി. പെട്ടിക്കട. അവ്യക്തമായ ദൃശ്യം. രണ്ടു മൂന്ന് ആളുകളുടെ
കറുത്ത നിഴൽ. അമ്മയുമായി നടക്കുന്ന മകൻ. കാൽ തടയുന്നു. ഞെട്ടിത്തരിക്കുന്ന മകൻ.
സീൻ : 4 A
ആശുപതി. സുന്ദരിയായ അമ്മ. അമ്മ പനിപിടിച്ച കുട്ടിയെ എടുത്ത് ഓടി കോണിപ്പടി കയറുന്നു. കിതയ്ക്കുന്നു. ഡോക്ടർ. പരിശോധന. കുത്തിവെപ്പ്. കണ്ണുതുടയ്ക്കുന്ന അമ്മ. വെളിച്ചം മങ്ങി ഇരുട്ടാകുന്നു.
അമ്മയുടെ മുഖം.
സീൻ : 4B
അമ്മയുടെ മുഖം മറയുന്നതോടെ തെളിയുന്ന മകന്റെ മുഖം. കുറ്റബോധം. അമ്മയുമായി തിരിച്ച് നടക്കുന്നു.
സീൻ : 5
കാർ, രാതിക്കാഴ്ചകൾ പിറകിലേക്ക്. വിദ്യാലയം. ഇരുട്ടിലെ വിദ്യാലയം. കാറിൽ നിന്ന് അമ്മയുമായി ഇറങ്ങുന്ന മകൻ. നടക്കുന്ന മകന്റെ ഓർമ്മകളിലേക്ക്.
സീൻ : 5 A
സുന്ദരിയായ അമ്മ. വഴിയോരം. കൈവിടുവിക്കാൻ ശ്രമിക്കുന്ന കുട്ടി. അമ്മയുടെ കയ്യിൽ ബാഗ്. കുറ്റപ്പെടുത്തൽ.
സീൻ : 5 B
വിദ്യാലയം. അടഞ്ഞ ഗേറ്റ്. പുറത്ത് മതിലിൽ കൈവെച്ച് അകത്തേക്ക് ശാന്തതയോടെ, പ്രതീക്ഷയോടെ നോക്കുന്ന അമ്മ. ക്ഷീണഭാവം. അവ്യക്തമായി പോകുന്ന മുഖം.
സീൻ : 5 C
അമ്മയുടെ മുഖം മകന്റെ മുഖമായി മാറുന്നു. വിദ്യാലയപരിസരം. അമ്മയുമായി തിരിച്ചുനടക്കുന്ന മകൻ.
രാത്രിക്കാഴ്ചകൾ. മുന്നോട്ട് പോകുന്ന കാർ. രാത്രിക്കാഴ്ചകൾ പിന്നോട്ട്.
കോവിലിന്റെ അരികിലായി നിൽക്കുന്ന കാർ. കാറിൽ നിന്ന് കോവിലിലേക്ക് നോക്കുന്ന മകൻ. പിൻസീറ്റിൽ അമ്മ. ക്ഷേത്രമുറ്റത്ത് ദൈവഛായ പ്രത്യക്ഷപ്പെടുന്നു. മകൻ പരിഭ്രമത്തോടെ കാർ സ്റ്റാർട്ടാക്കുന്നു.
സീൻ :7
കാർ മുന്നോട്ട്. രാത്രിയുടെ ഏകാന്തത. നേരം പുലർന്ന് വരുന്നു. വിളറിയ ആകാശത്ത് നക്ഷത്രങ്ങൾ. തണുത്ത കാറ്റ്. അമ്മയുടെ ദൈന്യതയാർന്ന മുഖം.
സീൻ :7 A
വീട്. പുലർച്ച. മടിയിൽ കമ്പിളിയിൽ പൊതിഞ്ഞ മകൻ. അടുപ്പിൽ വെള്ളത്തിന് തീ കത്തിക്കുന്നു. ഓലക്കൊടികൾ കത്തുന്നു.
സീൻ 7 B:
ഓലക്കൊടി കത്തുന്ന രംഗം മാഞ്ഞ് തെളിയുന്ന മകൻ. അയാൾ ഗന്ധം വലിച്ചാസ്വദിക്കുന്നു. ഒരു തിരിച്ചറിവോടെ ഉണരുന്നു.
ഞെട്ടലോടെ തിരിഞ്ഞുനോക്കുന്നു.
അയാളെയും തുറിച്ചുനോക്കി ചേതനയറ്റ
അമ്മയുടെ മുഖം.
മകന്റെ മുഖം.
അമ്മയുടെ മുഖം.
മകന്റെ മുഖം.
അമ്മയുടെ മുഖം,
ക്രമേണ ഇല്ലാതാവുന്ന മുഖങ്ങൾ
ചോദ്യം 13.
സ്നേഹം തേടുന്ന വാർദ്ധക്യം എന്ന വിഷയത്ത ആസ്പദമാക്കി മുഖപ്രസംഗം (എഡിറ്റോറിയൽ) തയ്യാറാക്കുക.
ഉത്തരം :
സ്നേഹം തേടുന്ന വാർദ്ധക്യം
വാർദ്ധക്യം ഇന്ന് സ്നേഹം തേടുകയാണ്. എന്തുകൊണ്ടെന്നാൽ സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നത് വൃദ്ധരാണ്. ജീവിതസുഖങ്ങൾക്ക് പിന്നാലെയുള്ള ഓട്ടപാച്ചിലിൽ പലപ്പോഴും മാതാപിതാക്കൾ മക്കൾക്ക് ഒരു ബാധ്യതയായിത്തീരുന്നു. ആ ബാധ്യതയിൽ നിന്നും രക്ഷനേടാൻ മക്കൾ അഭയം പ്രാപിക്കുന്നത് വൃദ്ധസദനങ്ങളിലാണ്. സമൂഹത്തിൽ ഇന്ന് പ്രത്യേകിച്ച് കേരളത്തിൽ വൃദ്ധസദനങ്ങളുടെ എണ്ണവും വൃദ്ധസദനങ്ങളിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു വരുന്നു എന്നത് വേദനാജനകമാണ്. മുൻകാല കാരണവർ പറയുന്നതുപോലെ "വിതച്ചതേ കൊയ്യു' എന്ന ചൊല്ല് ഇവിടെ പ്രസക്തമാകുന്നു. പണം ഉണ്ടാക്കാനുള്ള ഓട്ടത്തിനിടയിൽ സ്വന്തം മക്കളെ സ്നേഹിക്കാൻ മറന്നു പോയവരാണ് ഇന്ന് വൃദ്ധസദനത്തിലുള്ള മിക്ക മാതാപിതാക്കളും എന്നത് ഒരു വലിയ സത്യമാണ്.
കുടുംബ ജീവിതം സ്നേഹപൂർണ്ണമായിരിക്കണം. കുടുംബാംഗങ്ങൾ പരസ്പരം സ്നേഹം നിലനിർത്തി ജീവിക്കേണ്ടതാണ്. സ്നേഹവും സംസ്കാരവും മാതാപിതാക്കൾ മക്കൾക്കു പകർന്നു നൽകിയാൽ മാത്രമേ അവർക്ക് അത് തിരിച്ചു നൽകാനും സാധിക്കൂ.
സാമൂഹ്യമൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ വീഴ്ച പറ്റിയവരാണ് ഇന്നത്തെ സമൂഹത്തിലുള്ള മിക്കവരും. സ്വന്തം താൽപ്പര്യങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുമ്പോൾ വളർന്നുവരുന്ന ആ പുതുതലമുറയ്ക്ക് മുൻപിൽ സ്നേഹം എന്ന പദത്തിന്റെ അനന്തമായ അർത്ഥം അർത്ഥശൂന്യ മാവുന്നു. ആ ശൂന്യതയുടെ ഫലം പിന്നീട് അനുഭവിക്കേണ്ടി വരുന്നത് മാതാപിതാക്കൾ തന്നെയാണ്. ഈ ഒരു സാമൂഹ്യപ്രശ്നത്തിൽ നിന്നും രക്ഷനേടാനുള്ള ഏകവഴി സാമൂഹ്യമൂല്യങ്ങളെ സംരക്ഷിച്ചു കൊണ്ട് സമൂഹത്തെ മുന്നോട്ട് കൊണ്ടുപോവുക എന്നതാണ്. ഇത്തരത്തിൽ പരസ്പരം സ്നേഹത്തോടെ സമൂഹം സഞ്ചരിച്ചാൽ വാർദ്ധക്യം ഒറ്റപ്പെടുകയോ വൃദ്ധർ അനാഥാലയത്തിൽ ഒറ്റ പ്പെടുകയോ ഇല്ല.
ചോദ്യം 14.
"പിറകിലെ സീറ്റിലുണ്ടമ്മ വലത്തോട്ടു പൂർണമായ്
ചാത്ത്, മടങ്ങി മയങ്ങിക്കിടക്കുന്നു.
പീളയടിഞ്ഞ് നിറം പോയ കണ്ണുക -
ളെന്തേയടയ്ക്കാതെ വച്ചമ്മ നിർദയം?"
"അമ്മത്തൊട്ടിൽ' എന്ന കവിത വായനക്കാരനു മുമ്പിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ടല്ലോ. നിങ്ങളുടെ വായനാനുഭവം കവിയെ അറിയിക്കുന്നതിനുള്ള കത്തു തയാറാക്കുക.
ഉത്തരം :
പ്രേഷിതാവ്
നീതു കെ. പി.,
എടവലത്ത് ഹൗസ്,
കായത്തു റോഡ്,
തലശ്ശേരി.
-സ്വീകർത്താവ്
റഫീക്ക് അഹമ്മദ്
അക്കിക്കാവ്
തൃശൂർ
സർ,
അങ്ങയുടെ ഹൃദയസ്പർശിയായ "അമ്മത്തൊട്ടിൽ' എന്ന കവിത എന്നിലുണ്ടാക്കിയ സ്വാധീനമാണ് ഇന്ന് ഞാനെടുത്തിരിക്കുന്ന ഈ പേനയും കത്തും.
ആധുനികകാലജീവിതത്തിൽ ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന വാർദ്ധക്യത്തെ വളരെ മനോഹരമായി അവതരിപ്പിക്കാൻ അങ്ങയ്ക്ക് കഴിത്തിരിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു സവിശേഷത തന്നെയാണ്. അമ്മയെ ഉപേക്ഷിക്കാൻ ഒരിടം തേടുന്ന മകന്റെ കഥ പറയുന്ന ഈ കവിതയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത് അമ്മത്തൊട്ടിൽ എന്ന ശീർഷകമാണ്. അമ്മയുടെ കണ്ണുകളെ മങ്ങിപ്പഴകിയ പിഞ്ഞാണവർണ്ണമായ് എന്ന് വിശേഷിപ്പിക്കുക വഴി അർത്ഥതലങ്ങൾ സാർ പറയാതെ തന്നെ വായനക്കാർക്ക് നുകർന്നുതരുന്നതായി അനുഭവപ്പെടുന്നു.
"പെറ്റുകിടക്കും തെരുവുപട്ടിക്കെന്തോരൂറ്റം, കുരച്ചതു ചാടിക്കുതിക്കുന്നു" എന്ന വരികൾ പുതുതലമുറയോടുള്ള ഒരു താക്കീതായി എനിക്ക് അനുഭവപ്പെടുന്നതിൽ അതിശയമില്ല. മൃഗങ്ങളെക്കാൾ മൃഗീയമായിക്കൊണ്ടിരിക്കുകയാണ് മനുഷ്യപ്രവർത്തികൾ എന്ന സത്യം ഈ വരികളിലൂടെ വ്യക്തമാണ്. വളരെയധികം ത്യാഗം സഹിച്ച് വളർത്തി വലുതാക്കിയ മകനോടൊപ്പം എങ്ങോട്ടു പോകുന്നു എന്നുപോലും ചോദിക്കാതെ പിൻസീറ്റിലിരിക്കുന്ന അമ്മ ഹൃദയസ്പർശിയാകുന്നു.
സ്നേഹിച്ചു വളർത്തിയ മകൻ തെരുവിലേക്ക് വലിച്ചെറിയുകയാണെന്നറിയാതെ യാത്രയാകുന്ന അമ്മയുടെ നിഷ്കളങ്കത ഈ കവിതയിൽ പ്രകടമാണ്.
പരമ്പരാഗത മൂല്യങ്ങൾക്കോ ആത്മബന്ധങ്ങൾക്കോ പുല്ലുവില പോലും കല്പിക്കാത്ത ആധുനിക സംസ്കാരത്തിന്റെ പ്രതീകമാകുന്ന മകന്റെ മാനസികാവസ്ഥ മനോഹരമായി അവതരിപ്പിക്കാൻ അങ്ങേയ്ക്കു സാധിച്ചിട്ടുണ്ട്.
അമ്മയെ ഉപേക്ഷിക്കാൻ ഒരിടം അന്വേഷിച്ചു നടക്കുന്നതിനിടയിൽ അമ്മയും മകനും തമ്മിലുണ്ടായിരുന്ന ആത്മബന്ധങ്ങളുടെ പഴയ ഓർമ്മകളിലേക്ക് അയാൾ തിരിഞ്ഞുനോക്കുന്നത് ശ്രദ്ധേയമാണ്. ജില്ലാ ആശുപതിയിൽ പനിപിടിച്ചു കിടന്ന തന്നെ സൂചി കുത്തിയപ്പോൾ അന്നുണ്ടായ നീറ്റൽ അതേ ആശുപത്രിക്കരികിൽ അമ്മയെ ഉപേക്ഷിക്കാൻ ശ്രമിക്കുമ്പോൾ തനിക്കിന്ന് അനുഭവപ്പെടുന്നു എന്നു പറയുന്ന കവിതാസന്ദർഭം കവിതയെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു എന്നു പറയാം. ഉപയോഗം കഴിഞ്ഞ വസ്തുക്കളായി വൃദ്ധരെ കാണുന്നതിനെയും ഉപഭോഗസംസ്കാരത്തിന്റെ രീതിയെയും വളരെയധികം സൗമ്യമായി ചോദ്യം ചെയ്യാൻ അങ്ങേയ്ക്ക് സാധിച്ചിരിക്കുന്നു.
എന്നാൽ വിതച്ചതേ കൊയ്യു എന്ന ചൊല്ലു കൂടി സമൂഹത്തിന് മുമ്പിൽ ഉന്നയിക്കാവുന്ന ഒരു ചോദ്യമല്ലേ എന്ന് ഞാൻ ഈ സന്ദർഭത്തിൽ അങ്ങയോടു ചോദിക്കുകയാണ്. എന്തുകൊണ്ടെന്നാൽ അമ്മയെ ഉപേക്ഷിച്ച മകനെയാണ് താങ്കൾ ഈ കവിതയിലൂടെ വരച്ചു കാണിക്കുന്നത്. എന്നാൽ സ്വന്തം മക്കളെ ഒന്ന് താലോലിക്കാനോ സ്നേഹിക്കാനോ സമയമില്ലാത്ത ഒരു കൂട്ടം മാതാപിതാക്കളും ഇന്നത്തെ സമൂഹത്തിലുണ്ട്.
എന്നാൽ അമ്മത്തൊട്ടിൽ എന്ന കവിതയിലെ അമ്മ അത്തരത്തിലുള്ള ഒരമ്മയല്ല എന്ന കാര്യം താങ്കൾ വിവിധ കവിതാസന്ദർഭങ്ങളിലൂടെ വ്യക്തമാക്കിയിരിക്കുന്നത് ശ്രദ്ധേയമാണ്.
കവിതാവസാനം മകനെ തോല്പിച്ചുകൊണ്ട് യാത്രയാവുന്ന അമ്മയും കവിതയെ കൂടുതൽ മനോഹരമാക്കുന്നു.
ഇത്തരത്തിൽ തിരക്കിൽ മുങ്ങിപ്പോകുന്ന തലമുറയ്ക്ക് നേരെയുള്ള ഒരു താക്കീതായി മാറാൻ അമ്മത്തൊട്ടിൽ എന്ന കവിതയ്ക്ക് സാധിച്ചിരിക്കുന്നു എന്നത് താങ്കളുടെ പൂർണ്ണവിജയം തന്നെയാണെന്ന് ഓർമിപ്പിക്കുന്നു. താങ്കളുടെ തൂലികകൾ ഇത്തരം സാമൂഹ്യപ്രശ്നങ്ങൾക്കെതിരെ വീണ്ടും ചലിക്കുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് ആശംസകളോടെ.
സ്ഥലം, നീതു
തിയ്യതി. (ഒപ്പ്)
റഫീഖ് അഹമ്മദ്
1961 ഡിസംബർ 17 ന് ജനനം. തൃശൂർ ജില്ലയിലെ അക്കിക്കാവാണ് ജന്മദേശം. തിത്തായിക്കുട്ടി - എസ്.എസ്. ഹുസൈൻ എന്നിവർ മാതാപിതാക്കൾ. എൽ.എം.യു.പി. സ്കൂൾ പെരുമ്പിലാവ്, ടി.എം.ഹൈസ്കൂൾ അക്കിക്കാവ്, ശ്രീകൃഷ്ണകോളേജ് ഗുരുവായൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്വപ്നവാങ്മൂലം ആദ്യകവിതാസമാഹാരം. പാറയിൽ പണിഞ്ഞത് (ഒളപ്പമണ്ണ പുരസ്കാരം) ആൾമറ (കേരള സാഹിത്യ അക്കാദമി അവാർഡ്) ശിവകാമി, ചീട്ടുകളിക്കാരൻ, തോരാമഴ, ഗ്രാമവൃക്ഷത്തിലെ വവ്വാൽ തുടങ്ങിയവ കവിതാസമാഹാരങ്ങൾ. അഴുക്കില്ലം എന്ന നോവൽ ശ്രദ്ധേയമായി.
Very helpful
ReplyDelete